തിരുവനന്തപുരം: വിദ്യാർഥികളുടെയും യുവജനങ്ങളുടെയും പങ്കാളിത്തത്തോടെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിസ്ഥിതി സംരക്ഷണ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് പദ്ധതിയിടുന്നതായി ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോവളം ബീച്ചിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തെവിടെയോ ആണെന്നു നമ്മൾ കരുതിയിരുന്ന ‘ക്ലൈമറ്റ് റെഫ്യൂജീസ് ’ ഇപ്പോൾ നമ്മുടെ കുട്ടനാട്ടിലുമുണ്ട്. കാലാവസ്ഥാ വ്യതിയാനം നിമിത്തം ആ പ്രദേശം വാസയോഗ്യമല്ലാതായി മാറിയിരിക്കുന്നു. അവിടെനിന്ന് ആളുകൾ മറ്റു സ്ഥലങ്ങളിലേക്കു മാറാൻ തുടങ്ങിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കാലാവസ്ഥാ മാറ്റം മൂലമുണ്ടാകുന്ന കടൽക്ഷോഭങ്ങൾ നിമിത്തം മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കൂടുതലായി ദുരിതം അനുഭവിക്കേണ്ടി വരുന്നു. ചുഴലിക്കാറ്റുകളും ഉയർന്ന തിരമാലകളും അറബിക്കടലിൽ വർഷംതോറും വർധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കാണ് ടൂറിസം വകുപ്പ് ഏറ്റവുമധികം മുൻഗണന നൽകുന്നതെന്ന് ടൂറിസം ഡയറക്ടർ എം. അഞ്ജന പറഞ്ഞു. സംസ്ഥാനത്ത് സുസ്ഥിര ടൂറിസം വികസനം ഉറപ്പാക്കാൻ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അവർ പറഞ്ഞു.
ചടങ്ങിൽ മന്ത്രി പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടൂറിസം ഡയറക്ടർ എം. അഞ്ജന, ടൂറിസം അഡീഷണൽ ഡയറക്ടർ (ജനറൽ) ശ്രീധന്യ സുരേഷ്, ഹാർബർ വാർഡ് കൗണ്‍സിലർ അഫ്ന സജീന എന്നിവർ പങ്കെടുത്തു.